സമുദായാചാര്യന്‍ ഭാരതകേസരി മന്നത്തുപത്മനാഭന്റെ 142-ാമത് ജന്മദിനാഘോഷം വിവിധ പരിപാടികളോടെ പൂര്‍വാധികം ആവേശത്തോടെയും ആഹ്ലാദത്തോടെയും ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്നയില്‍ നടന്നു. ഡിസംബര്‍ 31 മുതല്‍ കേരളമാകെ പെരുന്നയിലേക്ക് എന്ന അവസ്ഥ സംജാതമായി. ശബരിമലവിഷയത്തില്‍ ഭാരതത്തിലെ ഹൈന്ദവസമൂഹത്തിന്റെ മുഴുവന്‍ വിശ്വാസം സംരക്ഷിക്കാന്‍ എന്‍.എസ്.എസ്. മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തിനുള്ള പിന്തുണ പ്രഖ്യാപിക്കാന്‍ ഏറെ വീറോടെയും വാശിയോടെയുമാണ് ഇക്കൊല്ലത്തെ സമ്മേളനത്തില്‍ ജനസമൂഹം സ്വമനസാലെ എത്തിച്ചേര്‍ന്നത്.
ജനുവരി ഒന്നാംതീയതി നേരം പലുര്ന്നപ്പോള്തന്നെ മന്നംസമാധിമണ്ഡപവും പരിസരവും ആചാര്യന്റെ ഭക്തരെക്കൊണ്ട് നിറഞ്ഞു. മഹാക്ഷേത്രങ്ങളുടെ ഗോപുരവാതില്ക്കല് ഭക്തജനങ്ങള്‍ കാത്തുനില്ക്കുന്ന വിശുദ്ധഭാവത്തോടെയാണ് തൊഴുകൈകളുമായി ജനങ്ങള്‍ അണിനിരന്നത്. കൃത്യം എട്ടുമണിക്ക് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ഭദ്രദീപം തെളിയിച്ച് പുഷ്പാര്‍ച്ചന ചെയ്തു. പിന്നാലെ ഇടതടവില്ലാതെ ബഹുസഹസ്രങ്ങള് സമാധിമണ്ഡപത്തില്‍ തൊഴുകൈകളോടെയും പ്രാര്‍ത്ഥനയോടെയും പൂക്കളര്‍പ്പിച്ച് കൃതാര്‍ത്ഥരായി. പുഷ്പാര്‍ച്ചനയ്ക്കുശേഷം 10.15-ന് അഖിലകേരളനായര്പ്രതിനിധിസമ്മേളനം ആരംഭിച്ചു. സ്വാഗതം ആശംസിക്കാന്‍ ജനറല്‍ സെക്രട്ടറി മൈക്കിനു മുമ്പിലെത്തിയപ്പോള്‍ നിര്‍ത്താത്ത കൈയ്യടിയോടെയാണ് പ്രതിനിധികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമൂഹികനീതി ഉറപ്പുവരുത്തുന്നതിന്, എസ്.ആര്. സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുക, സമുദായാചാര്യന്‍ ശ്രീ മന്നത്തു പത്മനാഭന്റെ ജന്മദിനമായ ജനുവരി 2, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍പെടുന്ന പൊതുഅവധിയായികൂടി പ്രഖ്യാപിക്കുക, ഈശ്വരവിശ്വാസത്തിനും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ് എന്നീ വിഷയങ്ങളിലുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ചത് സഭ ഐകകണ്ഠ്യേന അംഗീകരിച്ചു. കരയോഗം രജിസ്ട്രാര്‍ പി.എന്‍. സുരേഷ് കൃതജ്ഞത പറഞ്ഞു.
ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ബാംഗ്ലൂര്‍ ജി. രവികിരണും സംഘവും അവതരിപ്പിച്ച സംഗീതസദസ്സും ആറുമണിക്ക് ഡോ. നര്‍മ്മദയും സംഘവും അവതരിപ്പിച്ച വയലിന് ഫ്യൂഷനും നടന്നു. രാത്രി ഒമ്പതുമണിക്ക് മേജര്‍സെറ്റ് കഥകളിയും ഉണ്ടായിരുന്നു.
ജനുവരി രണ്ടിന് രാവിലെ 7.30 മുതല്‍ മന്നംസമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ആരംഭിച്ചു. രാവിലെ 10.30-ന് വിശിഷ്ടാതിഥികളെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. അപ്പോഴേയ്ക്കും പന്തലിലും പരിസരത്തും ജനങ്ങള്‍ നിറഞ്ഞുകവിഞ്ഞ് സ്ഥാനം പിടിച്ചിരുന്നു. 10.45-ന് സമ്മേളനം ആരംഭിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ മഹാസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. പത്മവിഭൂഷണ്‍ അഡ്വ. കെ. പരാശരന് സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. എഴുത്തച്ഛന്പുരസ്കാരജേതാവും സമസ്തകേരളസാഹിത്യപരിഷത്തിന്റെ അദ്ധ്യക്ഷനുമായ പ്രശസ്തസാഹിത്യകാരന്‍ സി. രാധാകൃഷ്ണന് മന്നംഅനുസ്മരണപ്രഭാഷണം നടത്തി. എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം. ശശികുമാര്‍ കൃതജ്ഞത പറഞ്ഞു.
2019-ലെ മന്നംജയന്തിസമ്മേളനം ബഹുജനസാന്നിദ്ധ്യംകൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ള നൂറുകണക്കിന് വിശിഷ്ടവ്യക്തികള്‍ ഒന്നാംതീയതിയും രണ്ടാംതീയതിയുമായി നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്തു. കേരളീയസമൂഹത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അനിഷേധ്യത വിളംബരം ചെയ്യുന്നതായിരുന്നു 142-ാമത് മന്നംജയന്തിയാഘോഷം.